---
title: "സിക്ക വൈറസ് ; പ്രതിരോധ പ്രവർത്തനങ്ങളും, ബോധവൽക്കരണ നിർദ്ദേശങ്ങളുമായി ആരോഗ്യ പ്രവർത്തക സംഘങ്ങൾ കൂട്ടത്തോടെ തലശ്ശേരി കോടതിയിൽ"
english_title: "Zika virus; Groups of health workers gather at Thalassery Court with prevention activities and awareness proposals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160007/Zika virus; Groups of health workers gather at Thalassery Court with prevention activities and awareness proposals"
published_at: "2023-11-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548c4035220f_images_(35).jpeg"
keywords: []
---

# സിക്ക വൈറസ് ; പ്രതിരോധ പ്രവർത്തനങ്ങളും, ബോധവൽക്കരണ നിർദ്ദേശങ്ങളുമായി ആരോഗ്യ പ്രവർത്തക സംഘങ്ങൾ കൂട്ടത്തോടെ തലശ്ശേരി കോടതിയിൽ

> **Lead Summary:** സിക്ക വൈറസ് ; പ്രതിരോധ പ്രവർത്തനങ്ങളും, ബോധവൽക്കരണ നിർദ്ദേശങ്ങളുമായി ആരോഗ്യ പ്രവർത്തക സംഘങ്ങൾ കൂട്ടത്തോടെ തലശ്ശേരി കോടതിയിൽ

## Article Content

സിക്ക വൈറസ് ; പ്രതിരോധ പ്രവർത്തനങ്ങളും, ബോധവൽക്കരണ നിർദ്ദേശങ്ങളുമായി ആരോഗ്യ പ്രവർത്തക സംഘങ്ങൾ കൂട്ടത്തോടെ തലശ്ശേരി കോടതിയിൽ

കോടതി ജീവനക്കാരിൽ ചിലർക്ക് ബാധിച്ച സിക്ക വൈറസ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിന് തടയിടാൻ തലശേരിയിലെ ജില്ലാ കോടതി കെട്ടിട സമുഛയത്തിൽ സംസ്ഥാനത്തെയും ജില്ല കേന്ദ്രത്തിലെയും തലശ്ശേരി നഗരസഭയുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നേരിട്ടെത്തി.

ശൂചീകരണ, ബോധവൽക്കരണ, നിയന്ത്രണ പ്രവൃത്തികൾ ഇന്നും തുടർന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രത്യേക ഉത്തരവിനെ തുടർന്ന് സംസ്ഥാന എന്റമോളജി വകുപ്പിൽ നിന്നുള്ള എട്ടംഗ സംഘം രാവിലെ എത്തി.  ഇതിനിടെ ആരോഗ്യ മന്ത്രി ന്യായാധിപരും  കോടതിയിലെ മറ്റ് ഉത്തരവാദപ്പെട്ടവരും, മെഡിക്കൽസംഘവുമായും ഓൺെ ലൈൻ കൂടിക്കാഴ്ച നടത്തി.

പിന്നീട് രോഗ ബാധ സ്ഥിരീകരിച്ച ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസുകളിലും സമീപങ്ങളിലും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. രോഗ ബാധയുള്ളവരും ഓഫീസുകളിൽ ഇവർക്കൊപ്പം ജോലി ചെയ്യുന്ന മറ്റുള്ളവരും സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

സിക്ക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിങ്ങ്, സ്പ്രേയിംഗ് എന്നി പ്രതിരോധ പ്രവൃത്തികൾ തുടരുകയാണ്.സീക്ക വാഹകരെന്ന് തെളിയിക്കപ്പെട്ട ഈഡിസ്  കൊതുകുകളുടെ ലാർവ്വകളും മറ്റും ശേഖരിച്ച് ഇതിനകം സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്കയച്ചിരുന്നു.

കോടതിക്ക് സമീപമുള്ള വീടുകളിലെത്തിയ ആരോഗ്യ പ്രവർത്തകർ ഇവിടങ്ങളിലെ കൊതുകു സാന്ദ്രതയെ പറ്റി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പഴയ കോടതിക്കെട്ടിട സമുച്ചയത്തിന് സമീപം പൂർത്തിയായി വരുന്ന പുതിയ കോർട്ട് കോംപ്ളക്സും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.

ഇവിടെ ജോലി ചെയ്യുന്ന മറുനാടൻ തൊഴിലാളികളിൽ രണ്ട് പേർക്ക് കോടതി ജീവനക്കാർക്ക് നേരിട്ട സമാന  രോഗലക്ഷണങ്ങൾ റിപ്പോർട്ട്  ചെയ്യതിനെ തുടർന്നാണ് ഇവിടെയും പരിശോധന നടത്തിയത്. ദേഹമാകെ ചൊറിച്ചലും നേരിയ പനിയും നീർക്കെട്ടും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.

കഴിഞ്ഞ രണ്ട് മാസങ്ങളായി കോടതി ജീവനക്കാരിൽ ചിലർക്ക് അസാധാരണമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുനെങ്കിലും കാര്യമാക്കിയിരുന്നില്ലത്രെ.

സമാന രോഗലക്ഷണങ്ങൾ പിടിപെട്ട അഡീഷണൽ ജില്ലാ കോടതിയിലെ ന്യായാധിപ ജോലിക്കിടയിൽ അവശയായി ആശുപത്രിയിൽ ചികിത്സതേടേണ്ടി വന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മറ്റുള്ളവർക്കും ബോധ്യപ്പെട്ടത്.

തുടർന്നായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി കോടതിയിൽ സജീവമായത്.

രക്തവും സ്രവവും പരിശോധനക്കയച്ചവരിൽ 8 പേർക്കാണ് സീക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ന് നടത്തിയ  നഗരസഭാ തല ശുചീകരണ പ്ര‌വൃത്തികൾക്ക് ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി നേതൃത്വം നൽകി. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോ.കെ. കെ.ശശിധരൻ ബോധവൽക്കരണ ക്ലാസെടുത്തു.

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത്കുമാർ, ബാർ അസോസിയേഷൻ ഭാരവാഹികളായ ജി.പി. ഗോപാലകൃഷ്ണൻ, ബിജേഷ് ചന്ദ്രൻ , തുടങിയവർ സ്ഥലത്തുണ്ടായിരുന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160007/Zika virus; Groups of health workers gather at Thalassery Court with prevention activities and awareness proposals)